റാവുണ്ണിയും കുറെ കഥാപാത്രങ്ങളും

...............................................രാവുണ്ണി
....................................................



തോരാത്ത മഴയിൽ അവൻ ഓടി, ഇടവഴിയിലെ മഴവെള്ളപ്പാച്ചിൽ അവന്റെ കാലിന്റെ ശക്തിയെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഇക്കൊല്ലത്തെ കർക്കിടകം കനത്തു പെയ്യുന്നു, ഇനിയും കനക്കും പ്രകൃതിയോട് അനുകമ്പ തോന്നിയ നിമിഷങ്ങളിൽ എപ്പോഴും അവനു കർക്കിടകത്തോട് വെറുപ്പായിരുന്നു. ശങ്കരേട്ടന്റെ റേഷൻ പീടികയിലിരുന്നു സൊറ പറയുമ്പോൾ മാനത്തിനിത്ര കറുപ്പില്ലായിരുന്നു. രാവുണ്ണി അവിടെയിരുന്നു നാട്ടിലെ പരദൂഷണ കൂട്ടായ്മയിൽ ഇടേക്കൊക്കെ കേൾവിക്കാരനാവാറുണ്ട്, ഇന്നത്തെ വിഷയം ഒളിച്ചോടി പോയ സൈതുവിന്റെ പെങ്ങൾ  സൈനബ ആയിരുന്നു. ഇടക്കിടെ ഇക്കിളി കൂട്ടുന്ന കാര്യങ്ങൾ പറഞ്ഞു ശങ്കരേട്ടൻ രാവുണ്ണിയെ അവിടെ പിടിച്ചിരുത്തി. അപരാധം സൈനബയെ പറ്റിയായതു രാവുണ്ണിക്കല്പം വിഷമമായി.

റേഷൻ പീടികക്കു മുന്നിൽ  സ്റാമ്പ്യാ അങ്ങാടി കടന്നു ടൗണിലേക്ക് പോവുന്ന മണ്ണ് പറക്കുന്ന റോഡ് കഴിഞ്ഞപ്പുറത്തു സർക്കാർ വക മൃഗാശുപത്രി അതിനു പിന്നിൽ പുതിയ പഞ്ചായത്ത്‌ പമ്പ് ഹൌസ് അതും കഴിഞ്ഞു വിശാലമായ വയൽ.അത്  കഴിഞ്ഞു കയറുന്ന ആകെ കരയുടെ മുഴുവൻ അധിപൻ പെരച്ചൻച്ചന്റെ കാര്യങ്ങൾ നോക്കുന്ന പ്രധാന പണിക്കാരനാണു രാവുണ്ണി. പഴയ ഭാഷയിൽ പറഞ്ഞാൽ പെരച്ചൻ തിയ്യന്റെ ഒന്നാം കാര്യസ്ഥൻ വേലുവിന്റെ മരുമോൻ രാവുണ്ണി തിയ്യൻ ജാതി കോമരങ്ങളുടെ വടക്കേ മലബാറിൽ ചെറുവറ്റ അംശത്തിൽ കരുന്തയിൽ ദേശത്തു പെരച്ചൻ മൂപ്പരോളം പോന്ന അവകാശി ഇല്ലായിരുന്നു, അധ്വാനിച്ചു   ഉണ്ടാക്കിയതും ,പിന്നെ താവഴിയിൽ കിട്ടിയ ഭൂമിയും കൂടിയ നാട്ടിലെ പ്രമുഖൻ.
എന്തോ പണി ബാക്കി വച്ചു സൊറ പറയാൻ വന്ന രാവുണ്ണിയെ ഉണർത്തിയത് സ്റാമ്പ്യാ അങ്ങാടിയിലൂടെ അന്നേരം പോയ കാളവണ്ടിയുടെ പിന്നിൽ ഇരുന്നു തൂങ്ങിയ റാന്തൽ വിളക്കായിരുന്നിരിക്കണം. റേഷൻ പീടികയുടെ വരാന്തയിൽ നിന്നുറങ്ങിയോടിയ രാവുണ്ണി മണ്ണിട്ട റോഡ് മുറിച്ചു കടക്കുമ്പോഴേക്കും റോഡിലെ മണ്ണിന്റെ ആത്മാവിലേക്ക് കർക്കിടകം പെയ്തിറങ്ങുകയായിരുന്നു. വയൽ വരമ്പുകൾ മുറിച്ചു കടക്കുമ്പോഴേക്കും ശക്തി കൂടിയ മഴക്കിടെ മിന്നുന്ന ആകാശവെളിച്ചം രാവുണ്ണിക്കു വഴി കാട്ടുന്നത് പോലെ തോന്നി. ചിരുതയുടെ വയൽക്കരയിലെ കുടിയിലേക്കു മാത്രം ഈ വെളിച്ചം വന്നില്ല. എങ്കിലും രാവുണ്ണി ഓട്ടത്തിനിടയിൽ അങ്ങോട്ട് നോക്കി. കുമ്മായം പൂശിയ ചുമരിൽ തട്ടി ആകാശവെളിച്ചം  അവനു പമ്പ് ഹൗസ് കാണിച്ചു കൊടുത്തു.
******--------------------**********
ആ കുടിൽ നിന്ന ഭാഗത്തു പമ്പ് ഹൗസ് വന്നത് ഇക്കൊല്ലത്തെ വേനൽ മഴക്കിടയിൽ എന്നോ ആയിരുന്നു, ഓർമ്മയില്ല പെരച്ചൻ മൂപ്പരുടെ മാളികയിൽ ഇലക്ട്രിക് കമ്പനിക്കാർ വന്നു രാത്രി വെളിച്ചം കൊടുത്തതിനെക്കാൾ അമ്പരപ്പ് ആയിരുന്നു രാവുണ്ണിക്കും  നാട്ടുകാർക്കും ദൂരെയുള്ള മങ്കുഴിയുടെ ആഴങ്ങളിൽ  നിന്നും തോട്ടിലേക്ക് വെള്ളം തുപ്പുന്ന പമ്പ് ഹൌസ്. പമ്പ് ഹൌസ് ഉദ്‌ഘാടനം ചെയ്ത അന്ന് രാത്രി രാവുണ്ണി ചാരായ സേവക്ക് ശേഷം പഞ്ചയാത്തു  പമ്പ് ഹൗസിൽ ആണ് കിടന്നുറങ്ങിയത് ,രാവിലെ എന്നേറ്റു പോവുന്നത് അരീക്കര കോമുവിന്റെ മോൻ സൈനബയുടെ ആങ്ങള സെയ്തു കണ്ടിരുന്നു. അന്ന് രാത്രി കുത്തിയൊലിച്ചു പെയ്ത മഴയിൽ പെരച്ചൻഛന്റെ മാളികയുടെ മുന്നിലെ വൈക്കോൽ കൂന നനഞ്ഞ പൂച്ചയെ പോലെ പതുങ്ങി, അതിനു പിന്നിൽ ഉള്ള മൂവാണ്ടൻ മാവിലെ പകുതി മാങ്ങയും വീണിരിക്കുന്നു. പാതി പഴുത്ത മാങ്ങ പെറുക്കിയെടുക്കാൻ രാവുണ്ണിക്കു  സങ്കടമായിരുന്നു, മാങ്ങയെ കുറിച്ചും മാളു വിനെ കുറിച്ചും അവനന്ന് സങ്കടപ്പെട്ടു. മൊടവിഷുവിന്റെ അന്ന് മാങ്ങകൾ പറിക്കാൻ സെയ്തു വരും, മൂവാണ്ടൻ മാത്രം  സെയ്തുവിന് ഉള്ളതല്ല ബാക്കി നാലു മാവും സെയ്തുവിനു വേണ്ടി ആണ് വളർന്നത് തന്നെ, മൂവാണ്ടൻ  കുറച്ചു  പഴുപ്പിക്കാൻ വച്ചു ബാക്കിയുള്ളതു  പെരച്ചൻഛന്റെ പെങ്ങളുടെ വീട്ടിലും എത്തിക്കും .

ചിരുതയുടെ മോളു മാളുവിന്റെ കല്യാണം കഴിഞ്ഞ ആദ്യ വിഷുവിനു രാവുണ്ണിയെ കാണാണ്ടായത് നാട്ടിൽ പാട്ടായി. മൊടവിഷുവിന്റെന്നു മാങ്ങ കച്ചോടക്കാൻ വന്ന അരീക്കര സെയ്തു ആണ് അത് സ്റാമ്പ്യാ അങ്ങാടിയിൽ ആദ്യമായി പറഞ്ഞത്, സെയ്തുവിന്റെ പറച്ചിൽ നാട്ടുകാർ ഏറ്റെടുത്തു മൃഗാശുപത്രിയുടെ മൂലയിൽ ഉള്ള ചെറീത് മാപ്പിളയുടെ ചായ പീടികയിൽ നിന്നും സെയ്തു പറഞ്ഞത് റോഡിനിപ്പുറം ശങ്കരേട്ടന്റെ റേഷൻ പീടികയിൽ ഗോതമ്പു വാങ്ങാൻ വരി നിന്ന പെണ്ണുങ്ങൾ വരെ കേട്ടിരുന്നു അന്നേരം അതിലൂടെ പോയ ഒരു കാറ്റു മണ്ണിട്ട റോഡിലെ മണ്ണൊക്കെ പരത്തിയ പോലെ ഈ വിവരം ശങ്കരേട്ടന്റെ ചെവിയിലും എത്തിച്ചു. റേഷൻ പീടികയിലെ എഴുത്തു നിർത്തി ശങ്കരേട്ടൻ പൊടി പാറ്റിയ കാറ്റിനെയും മറികടന്നു ചെറീതിന്റെ ചായപ്പീടികയിൽ എത്തി .

" കാണാൻ ഇല്ലന്നെ എനിക്കറിയൂ ശങ്കരേട്ടാ " സെയ്തു മൊഴിഞ്ഞു

" ഞാൻ മാങ്ങയിടാൻ പോയതാ 'ഓനീടില്ല വന്നിട്ട് പറിക്കാം ' ന്ന് പറഞ്ഞു പെരച്ചൻ മൂപര് അകത്തേക്ക് പോയി "
" ഇന്നലെ മുതൽ കാണാൻ ഇല്ലന്ന്, നീ ഊഹിച്ചതാണോ ന്റെ സെയ്‌തോ " ശങ്കരേട്ടൻ ദേഷ്യത്തിൽ റേഷൻ പീടിക നോക്കി ചോദിച്ചു .
"അല്ലാന്നു, ഇന്ക് എന്തിനാ ഊഴഹം  ", ഇതു മാളൂന്റെ കല്യാണത്തിന്റെ പുകിലാ "സെയ്തു പറഞ്ഞു .

"ഇഞ്ഞി എന്തിതാടാ പറയുന്നേ "
കഥ കേൾക്കാൻ കൊതിയുള്ള കുഞ്ഞന്റെ മുഖമാക്കി ശങ്കരേട്ടൻ ചോദിച്ചു.
" ഓനും മാളുവും ഇഷ്ടത്തിലാന്നെ "
"ചിരുതക്കും , പെരച്ചൻഛനും അറിയാം " അവൻ കൂട്ടി ചേർത്തു.
" മാളൂനെ ശിപായിക്കു കെട്ടിച്ചു കൊടുത്തത് മുതൽ ഓൻ വിഷമത്തിലാ "
സെയ്തു തുടർന്ന് കൊണ്ടിരിന്നു.
" അത് അനക്കെങ്ങിനാ  അറിയാ, സെയ്‌തോ ?!
ഞാൻ പോണു "എന്നും പറഞ്ഞു ശങ്കരേട്ടൻ അവിടെ നിന്നും ഇറങ്ങി, പിന്നെ പതിയെ എല്ലാവരും..... ചെറീതിന്‌ പത്തു ചായ അധികം ചെലവായിന്നുള്ള മെച്ചം മാത്രമേ സെയ്തുവിന്റെ ആ കഥയ്ക്കുണ്ടായിരുന്നുള്ളു. എന്നാലും സെയ്തു പറയും  , രാവുണ്ണി - മാളു കഥകൾ, രാവുണ്ണി അറിയാതെ മാളു അറിയാതെ, പെരെച്ചൻ മൂപ്പര് അറിയാതെ ചെറീതിന്റെ ചായകുടിച്ചു കൊണ്ട്  നാട്ടുകാർ അത് കേട്ടിരിക്കും .

വിഷുവിന്റെ മൂന്നാം നാൾ സെയ്തുവിനെ അനേഷിച്ചു ചെറീതിന്റെ ചായപ്പീടികയിൽ രാവിലെ തന്നെ രാവുണ്ണി എത്തി. " ചെറീത് മാപ്പിളെ, ഇമ്പടെ സെയ്തുവിനെ കണ്ടോ "
ചില്ലു ഗ്ലാസ്‌ മോറുന്നത് നിർത്തി ചെറീത് ഓടി വന്നു
" അനക്ക് ഒരു ചായ എടുക്കട്ടെ രാവുണ്ണിയെ ? " എന്ന് വെറുതെ ചോദിച്ചു. രാവുണ്ണി ചായ കുടിക്കാത്ത കാര്യം ചെറീതിനു അറിയാഞ്ഞിട്ടൊന്നും അല്ല. രാവിലെ തന്നെ രാവുണ്ണിയെ ചായ പീടികയിൽ കണ്ട എല്ലാവരും സ്റാമ്പ്യാ അങ്ങാടിയെ ചായപീടികയിലേക്കു ഒതുക്കി.
" എന്താ രാവുന്ന്യേ " ....." മ്മ് "
" സെയ്തുവിനെ എന്തിനാ "
ചെറീത് രാവുണ്ണിയെ നോക്കി ചോദിച്ചു.
" മാങ്ങയിടീക്കാൻ ഓനിന്നലേ വന്നിരുന്നു, ഞാൻ മാളൂന്റെ വീട്ടിൽ പോവുന്നത് വിഷുന്റെ അന്ന് മോന്തിക്കു ഓൻ കണ്ടതാ "
" ഒരീസം കഴിഞ്ഞു വന്നാൽ മതീന്ന് ഞാൻ പറഞ്ഞതാ "
അവൻ ഒറ്റ ശ്വസത്തിൽ പറഞ്ഞു.

" പിന്നെ അച്ചങ്ങായി ഇന്നലെ മാങ്ങയിടാൻ വന്നേക്കുന്നു "
ചെറീതിന് ശ്വസം വീണു. അവിടെ കൂടിയ എല്ലാവരും ആശ്വസത്തിൽ സ്റാമ്പ്യാ അങ്ങാടിയുടെ വിസ്തൃതി വീണ്ടും കൂട്ടി, അവനവന്റെ പണിക്കു പോയി. ചെറീതിനു ചായ ചെലവായില്ല ഇപ്രാവശ്യം.
" ഇങ്ങള് ഓന കണ്ടാൽ അങ്ങോട്ടൊന്നു വരാൻ പറ ട്ടോ "
എന്നും പറഞ്ഞു രാവുണ്ണി ശങ്കരേട്ടന്റെ റേഷൻ കടയുടെ   ഇടത്തേയറ്റം പുതുതായി പണിത തോടിന് കുറുകെ കെട്ടിയ പാലത്തിനു മുകളിൽ കുറച്ചു നേരം നിന്നു, തിരിച്ചു പോയി.

--------------------========

"ചിരുത" വേലുവിന്റെ കെട്ടിയോള്, പെരച്ചൻഛന്റെ വീട്ടിലെ പുറംപണിക്കു നിൽക്കുന്ന നല്ല ഉശിരുള്ള പെണ്ണൊരുത്തിയെ പറ്റി അങ്ങാടി കിസയിൽ
" പെരച്ചൻഛൻ വെറുതെ ഒന്നും വേലുവിനെ കൊണ്ടു നടക്കില്ല " എന്ന് ആരും കേൾക്കാതെ ആരോ പറയും.
വസൂരിയുടെ പണ്ടാരകെട്ടിൽ  പൊതിഞ്ഞു കോരനെയും, കെട്ടിയോള് ഓമലയെയും തീ എടുത്തതിനു ശേഷം രാവുണ്ണിക്കു മാമൻ വേലുവായിരുന്നു ആശ്വാസം. ചിരുതക്കു മാളുവിനെ  ഓന് കെട്ടിച്ചു കൊടുക്കേണ്ടി വരുമോ എന്ന പേടി കാരണം ചെറുതാവുമ്പോൾ തന്നെ  രാവുണ്ണിയെ  ഇഷ്ടം അല്ല. കന്നു കൂട്ടാൻ തെക്ക് നിന്നും വന്ന കോരനെ ഓമല കെട്ടിയതിന്റെ ഒന്നാം വർഷം പിറന്ന ഉണ്ണിക്കു 'രാവുണ്ണി '  ന്നു വിളി കൊടുത്തതു വേലുവായിരുന്നു. ചിരുതക്കു വയറ്റിലുള്ളപ്പോൾ കുട്ടി ആണാവാൻ ഉള്ള പ്രാത്ഥനക്കു രാവുണ്ണിയും ഒരു കാരണമായിരുന്നു . ചിരുതക്കു എത്ര ഇഷ്ടം ഇല്ലയോ, അതിൽ കൂടുതൽ ഇഷ്ടം ആയിരുന്നു മാളുവിന്‌ രാവുണ്ണിയെയും, അവനു തിരിച്ചും. വേലുവിന്റെ ശരീരത്തിലെ വളവു കിട്ടിയതൊഴിച്ചാൽ മാളു സുന്ദരി തന്നെ. ആ വളവു കിട്ടിയത് നന്നായി എന്ന് ചിരുതക്കെപ്പോഴും തോന്നും, പെരച്ചൻഛന്റെ ശരീരത്തോട് ഒരു സാമ്യവും ഇല്ലാത്തതിനാൽ അവൾക്കു ആശ്വസം തോന്നും. നാട്ടിലെ പറച്ചിൽ ആരും അവളുടെ അടുത്ത് ചെന്ന് പറഞ്ഞിട്ടില്ല, എങ്കിലും അവളും പെരച്ചൻഛനും തമ്മിൽ എന്തോ ഉണ്ട് ന്നു നാട്ടുകാർ പറയുന്നതായി അവൾക്ക് തോന്നും, അങ്ങനെ ഒരു നോട്ടം പോലും ആ മനുഷ്യനിൽ നിന്നു കിട്ടിയില്ലെങ്കിൽ പോലും. നാട്ടുക്കാർക്കെന്താ  പറഞ്ഞു കൂടാത്തത്. രോമം നിറഞ്ഞ ഒത്ത ശരീരവും, നടന്നു വരുമ്പോൾ ഭൂമിക്കുണ്ടാവുന്ന കുലുക്കവും ,സംസാരത്തിലെ അനുകമ്പയും സ്നേഹവും. ചിരുതയെപ്പോഴോ എന്നോ  മനസ്സുകൊണ്ട് വ്യഭിചാരിച്ചിട്ടുണ്ട്.. അയാളുമായി, ഏതോ നിമിഷത്തിൽ അയാളുടെ സ്നേഹത്തിലും, ശരീരത്തിനും താൻ കീഴ്പെടുന്നതായി അവൾക്കു തോന്നിയിരുന്നു, എപ്പോഴോ....
തിരിച്ചങ്ങനെ ഇല്ലെങ്കിലും.
-----------------------============

സെയ്തു മാങ്ങയിടാൻ രണ്ടു ദിവസം കഴിഞ്ഞാണ് എത്തിയത്. രാവുണ്ണി താൻ പറഞ്ഞ കഥ അറിയില്ലന്നു മനസിലാക്കിയ സെയ്തു
" ടാ ഇഞ്ഞി അന്ന് വൈകുന്നേരം മാളൂന്റോടെ പോവ്വാന്നു പറഞ്ഞത് ഞമ്മള് മറന്നേ പോയി "

രാവുണ്ണി മൂളികൊണ്ടു
" ഇഞ്യാ മാങ്ങ വേഗം പറച്ചിടാൻ നോക്ക്,  ഇൻക്കി ഈ മാങ്ങ അവിടെയും കൊണ്ടു കൊടുക്കണം, മാളൂന്റോടെ "
സെയ്തു വീണ്ടും നോക്കി, രാവുണ്ണിക്കു ഒരു ഭാവ വ്യത്യാസവും ഇല്ല, എന്നാലും എന്തോ ഉണ്ടെന്നു അവൻ ഉറപ്പിച്ചു. മാങ്ങയിൽ തനിക്കു കിട്ടിയ ഓരിയുമായി മാളൂന്റെ ടൗണിൽ ഉള്ള വീട്ടിലേക്കു അന്നുച്ചക്ക് രാവുണ്ണി മുങ്ങി, ഭാഗ്യത്തിന് വഴിയിൽ ലോഗ്യം  പറയാൻ ആരെയും കണ്ടില്ല. അത് കൊണ്ട് രാവുണ്ണി ഇന്ന് നാട് വിട്ടത് പേരെച്ചൻ മൂപര് മാത്രമേ അറിഞ്ഞുള്ളു.

പെരച്ചൻ മൂപ്പര് ചിരുതയുടെ കുടിയിലുണ്ടാവാറുണ്ട് എന്ന് പറഞ്ഞു പരത്തിയ സെയ്തുവിന്റെ ബാപ്പ കോമു മാപ്പിള പള്ളിക്കാട്ടിൽ എത്തിയതിനു ശേഷം സെയ്തു ആണ് നാട്ടിലെ വാർത്താവിതരണം ഏറ്റെടുത്ത്. കോമുവിന് പെരച്ചനും, ചിരുതയും, കോരനും ആയിരുന്നെങ്കിൽ, സെയ്തു രാവുണ്ണിയിലും - മാളുവിലും മാത്രം കഥകൾ ഒതുക്കി  കൂട്ടി . അതിനു ഒരു കാരണവും ഉണ്ട്.പണ്ട് നാടകം കണ്ടു കഴിഞ്ഞു ഒന്നിച്ചു വരുമ്പൊ മാളുവിന്‌ വല്ലാത്ത മൂത്രശങ്ക തോന്നി, വയസ്സ്‌റിയിച്ചിട്ടില്ലെങ്കിലും അവളും ഒരു പെണ്ണാന്നു രാവുണ്ണിക്കറിയാമായിരുന്നു. സെയ്തു അറിയാതെ ശങ്ക ഒഴിവാക്കാൻ അവർ ശ്രമിച്ചു, ചൂട്ടും കത്തിച്ചു മുന്നിൽ പോയ സെയ്തു കുറച്ചു ദൂരം എത്തിയപ്പോ " സെയ്‌തോ ഒന്നു നിക്ക് " എന്ന് രാവുണ്ണി പറഞ്ഞു
തിരിഞ്ഞു നോക്കിയ സെയ്തു തിരിച്ചു ഓടിവന്നു എന്താ കാര്യം ന്നു അറിയാൻ മാളു ഇരുന്നവിടെക്കു ചൂട്ടു നീട്ടി, പകുതിയൊഴിഞ്ഞ ശങ്കയിൽ അവൾ പേടിച്ചു ഏണീറ്റതും, രാവുണ്ണി ചൂട്ടു പിടിച്ചു വാങ്ങി സെയ്തുവിന്റെ തലയിൽ വീശിയതും ഒരുമിച്ചായിരുന്നു.
തനിക്കു പെട്ടന്ന് കഷണ്ടി വന്നത് ആ ചൂട്ടിന്റെ അടികൊണ്ട് ആണെന്ന് സെയ്തു ഇപ്പോഴും വിശ്വസിക്കുന്നു. അന്ന് ഓടിയ സെയ്തുവിന്, പിന്നെ ആവശ്യത്തിന് മാത്രം മിണ്ടുന്ന ഒരു നാട്ടുകാരനായി മാറി രാവുണ്ണി, മാളു രാവുണ്ണിയുടെ കാമുകിയും. ഇതൊന്നും രാവുണ്ണിയും, മാളുവും അറിഞ്ഞിരുന്നില്ല.

ഇക്കഴിഞ്ഞ വേനലിൽ, പമ്പ് ഹൗസ് ഉദ്‌ഘാടനത്തിന്റെ അന്ന് രാത്രി രാവുണ്ണി അവിടെ കിടന്നു രാവിലെ എണീറ്റ് പോവുന്നത് സെയ്തു കണ്ടിരുന്നു, കല്യാണം കഴിഞ്ഞും രാവുണ്ണി മാളുവിനെ പ്രേമിക്കുന്നതായി അവനു തോന്നി.
"റാക്കും കുടിച്ചു, ഒനിപ്പോ ചിരുതയുടെ കുടീല രാത്രി " എന്ന് പറഞ്ഞത് കുടിലിപ്പോ ഇല്ലടാ അത് പമ്പ് ഹൌസ് ആണെന്ന് ചെറീത് അന്നേ തിരുത്തിയിരുന്നു. പുറം നാട്ടുകാരൻ ചായ കുടിക്കുന്നതിനാലാവും ചെറീത് അങ്ങനെ തിരുത്തിയത്, പുറം നാട്ടുകാരനു അറിയില്ലലോ പുതിയ പമ്പ് ഹൌസ് പഴയ ചിരുതയുടെ വീടാണെന്ന്. ചായ പീടികയിൽ പറയുന്ന കഥകളിലെ തെറ്റ് തിരുത്താൻ ചെറീത് എപ്പോഴും ശ്രമിച്ചിരുന്നു. രാവുണ്ണി അന്ന് രാത്രി അവിടെ കിടന്നു വിങ്ങിയത് അവളോടുള്ള പ്രണയം കൊണ്ടല്ലെന്ന് ഈ കഥാകാരൻ സാക്ഷി, പ്രണയത്തിലുമപ്പുറം ആണും പെണ്ണുമുള്ള സ്നേഹത്തിനു ഇവിടെ എന്ന് വിലയുണ്ടാവും എന്ന് രാവുണ്ണിക്കു അറിയേണ്ടതില്ല. ഇതൊന്നും അറിയാതെ മാമന്റെ താവഴിയായി കിട്ടിയ പെരച്ചൻഛന്റെ കാര്യസ്ഥനായി അങ്ങനെ കൂടി.

മൂന്നോ നാലോ കൊല്ലം മുന്നേ യാണ് മാളുവിന്‌ വയസ്സറിയിച്ചതു, അതിന്റെ അടുത്ത മാസം തന്നെ വേലുവിനു എപ്പോഴും വലിക്കുന്ന ബീഡി കൊടുത്ത അസുഖം വന്നു ഇഹലോകവാസം വെടിയേണ്ടി വന്നു. ചിരുതക്കു അത് വരെ തോന്നാത്ത ഒരു സ്നേഹം തോന്നിയ നാളുകളായിരുന്നു പിന്നീട്, രാവുണ്ണി പെരച്ചൻഛന്റെ വിശ്വാസം പറ്റിയ കാര്യനോട്ടക്കാരനായി. പെരച്ചൻഛൻ ഇടയ്ക്കു വച്ചു കൊടുക്കുന്ന കാശിൽ നിന്നും അമ്മയെയും, അച്ഛനെയും  ഇപ്പൊ മാമനെയും ഓർത്തു സങ്കടപെടാൻ കുടിക്കുന്ന റാക്കിന്റെ പൈസ മാത്രം അവൻ മാറ്റി വച്ചു. ബാക്കി മൊത്തം ചിരുതമ്മായിക്ക് കൊടുക്കും, വേലു മാമൻ പോയതിൽ പിന്നെയെന്നോ ചിരുതയെ രാവുണ്ണി അമ്മായി ന്നു വിളിച്ചു തുടങ്ങി .
മാളുവിനെ കെട്ടിക്കണം, എന്നാൽ അതിനി രാവുണ്ണി തന്നെ പോരേയെന്നു ചിരുതക്കും തോന്നി തുടങ്ങിയ സമയം. അവളിക്കാര്യം പെരച്ചൻഛനെയും അറിയിച്ചിരുന്നു. അത് രാവുണ്ണിയെയും മാളുവിനെയും ആരും അറിയിച്ചില്ല .

മൃഗാശുപത്രിയിൽ പുതുതായി വന്ന ശിപായി വന്നു രാവുണ്ണിയോട് മാളുവിനെ കെട്ടിച്ചു തരുമോന്നു ചോദിക്കും വരെ, ചിരുത മാളുവിനെ രാവുണ്ണി കെട്ടിക്കോട്ടെ എന്ന് വിചാരിച്ചു. പെട്ടന്നുത്തരം നൽകാൻ രാവുണ്ണിക്കായില്ല. ചിരുതമ്മായിക്ക് ഒന്നും ആലോചിക്കേണ്ടി വന്നില്ല, മാളു ഇതു അറിഞ്ഞു കൂടിയില്ല, ആരോ ഒരാളെ കൊണ്ടു കെട്ടിക്കും ന്നു വയസ്സറിയിച്ചതു മുതൽ അവൾക്കറിയാമായിരുന്നു. പെരച്ചൻഛ നോട് രാവുണ്ണി തന്നെ കാര്യം അവതരിപ്പിച്ചു.
" പൈസ വേണ്ടേ " രാവുണ്ണി ചോദിച്ചത് ഒരു നെടുവീർപ്പിട്ടയാൾ കേട്ടു. രാവുണ്ണിയുടെ വിയർപ്പിന് പകരം പെരച്ചൻചൻ അവരെ സഹായിച്ചു .ചിരുതയുടെ കയ്യിൽ ഉള്ളതും, പെരച്ചൻഛൻ കൊടുത്തതും ആയി മാളുവിന്റെ കല്യാണം ഇക്കഴിഞ്ഞ വിഷുവിനു ഒരു മാസം മുന്നേ നടത്തി. പിറ്റേ ആഴ്ചയിൽ തന്നെ ശിപായി ടൗണിലേക്ക് മാറ്റം വാങ്ങി, ചിരുതമ്മായിയേയും മാളുവിനെയും ടൗണിലേക്ക് കൊണ്ടു പോയി. പെരച്ചൻഛന്റെ സ്ഥലത്തു അയാൾ സമ്മതിച്ചു കെട്ടിയ കുടിലിൽ രാവുണ്ണി ഒറ്റയ്ക്ക് കഴിയേണ്ട എന്നായിരുന്നു പെരച്ചൻഛന്റെ തീരുമാനം. പഞ്ചായത്ത്‌ വക പമ്പ് ഹൗസിനു ചിരുതയുടെ  കുടിൽ കൊടുത്തയാൾ രാവുണ്ണിക്കു
തന്റെ മാളിക നിൽക്കുന്ന തൊടിയിൽ  ഒരു ചെറിയ കുടിൽ വച്ചു കൊടുത്തു. അവനതു ധാരാളമായിരുന്നു. മാളു ഇല്ലാത്ത കുടിലിനെക്കാളും നല്ലതാണ് വെള്ളം തുപ്പുന്ന പമ്പ് ഹൌസെന്ന് അവനു തോന്നി. ചിരുതമ്മായി ഉണ്ടാക്കിയ ഒന്നര പവൻ പോന്നണിഞ്ഞു മാളു ഇറങ്ങിയത് രാവുണ്ണിക്കു ഇന്നും സങ്കടം തന്നെ. മാളുവിന്റെ വയറ്റിൽ ഉള്ള കുട്ടിക്ക് പൊന്നു കൊടുക്കാൻ രാവുണ്ണി കുടിലിനടുത്തു ആല കെട്ടി, രണ്ടു പശുവിനെയും വാങ്ങി  . സൊസൈറ്റിയിൽ കൊടുക്കുന്ന പാലിന്റെ പൈസ രാവുണ്ണി മാമൻ മാളുവിന്റെ കുട്ടിക്ക് പൊന്നു വാങ്ങാൻ മാറ്റി വച്ചു.........

തോരാത്ത മഴയിൽ അവൻ ഓടി, ഇടവഴിയിലെ മഴവെള്ളപാച്ചിൽ അവന്റെ കാലിന്റെ ശക്തിയെ പരീക്ഷിച്ചുകൊണ്ടിരുന്നു. പശുക്കളെ  ആലയിലേക്ക് മാറ്റി കെട്ടാൻ അവനോടി മാളികതൊടിയുടെ മൂലയിലേക്ക് എളുപ്പത്തിൽ എത്താൻ അവൻ ഇടവഴിയിലൂടെ ഓടി. ഇടവഴിയിലൂടെ ഉള്ള മഴ വെള്ളപാച്ചിൽ അവന്റെ കാലിന്റെ ശക്തിയെ പരീക്ഷിച്ചു കൊണ്ടിരുന്നു.

പെങ്ങളെ കെട്ടിച്ചു വിട്ടാൽ ആങ്ങളക്ക് സാങ്കേടപെടാം, വീട്ടിൽ  ഇടയ്ക്കിടെ പോവാം,
കുട്ടികൾക്ക് പൊന്നു കൊടുക്കാം ..

മാളുവിനെ രാവുണ്ണിക്കു സ്നേഹിക്കാം. സെയ്തു അതിനെ പ്രണയമാക്കിയാലും.
രാവുണ്ണി നല്ലവനാ
നല്ല പണിക്കാരനാ
നല്ല ആങ്ങളയ
നല്ല മാമനാ
നല്ല മരുമോനാ
നല്ല നാട്ടുകാരനാ

സെയ്തുവിന്  എന്താ പറഞ്ഞു കൂടാത്തത്.
പമ്പ് ഹൌസിൽ കിടന്നു ചാരായം മൂത്തു മാളുവിനെയോർത്തു  രാവുണ്ണി കരഞ്ഞത് മാളുവിന്‌ തനിക്കു  കൊടുക്കാൻ കഴിയാഞ്ഞ പൊന്നിനെ ഓർത്തായിരുന്നു  എന്ന് ഈ കഥാകാരൻ സാക്ഷി. ഈ പമ്പ് ഹൌസിനു മുന്നിലിന്നു നിൽക്കുമ്പോൾ പ്രണയത്തിനുമപ്പുറം രാവുണ്ണി മാളുവിനെ സ്നേഹിച്ചതായി എനിക്ക് തോന്നി.
കർക്കിടകവും, വയലും, കുടിലും, മഴയും, പമ്പ് ഹൗസും ഒരനുഭവമേ അല്ലാതിക്കാലത്തിനു മുന്നിൽ ഏകനായി......... രാവുണ്ണിയും.

പ്രവീൺ സായി  എം  പി